നിങ്ങൾ ഫാറ്റി ലിവർ ഉള്ളവരാണോ?

Video Consultation

ജൂൺ 10 അന്തർദേശീയ ഫാറ്റിലിവർ ഡേ ആയി ആചരിക്കുന്ന ഈ സാഹചര്യത്തിൽ ഫാറ്റി ലിവർ എങ്ങനെയാണ് ഉണ്ടാകുന്നതെന്നും അതിന്റെ ദോഷവശങ്ങൾ എന്തൊക്കെയെന്നും എങ്ങനെ ഫാറ്റി ലിവറിൽ നിന്ന് മുക്തി നേടാം എന്നും അറിയുന്നത് ഉചിതമാണ്. അഞ്ചു ശതമാനത്തിലേറെ കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടുന്നതിനെയാണ് ഫാറ്റിലിവർ എന്നു പറയുന്നത്. ശരീരത്തിലെത്തുന്ന കൊഴുപ്പിന്റെ അളവ് കൂടിയാലും ശരീരത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന കൊഴുപ്പിന്റെ അളവ് കുറഞ്ഞാലും ഫാറ്റി ലിവർ ഉണ്ടാകാൻ സാധ്യതയുണ്ട്. മദ്യപാനം മൂലവും ജീവിതചര്യ പ്രശ്നങ്ങളോ ഭക്ഷണം ക്രമത്തിലുള്ള പ്രശ്നങ്ങൾ മൂലമോ ഫാറ്റി ലിവർ ഉണ്ടാകുന്നു. നഗരവൽക്കരിക്കപ്പെട്ട കൊണ്ടിരിക്കുന്ന മലയാളിയുടെ ശീലങ്ങളുടെ ഫലമായി ജങ്ക് ഫുഡുകളുടെ അളവ് കൂടുകയും അധ്വാനശീലം കുറയുകയും ചെയ്യുന്നു. ഒരു പരിധിവരെ നമുക്കുണ്ടാകുന്ന ജീവിതചര്യ രോഗങ്ങളുടെ കാരണവും ഇതുതന്നെയാണ്. കരളിന്റെ ആരോഗ്യം ശരീരത്തിന്റെ ആരോഗ്യത്തിനു പ്രധാനമാണ്. കരള്‍ ശരീരത്തിന്റെ അരിപ്പയാണെന്നു പറയാം. ആവശ്യമില്ലാത്ത വസ്തുക്കളെ പുറന്തള്ളുന്ന അവയവമാണ് കരൾ.ലിവറിന്റെ ആരോഗ്യം ശരിയല്ലെങ്കിൽ , ലിവർ രോഗബാധിതമായാൽ ശരീരത്തിൽ ടോക്‌സിനുകൾ അടിഞ്ഞു കൂടും. ഇത് എല്ലാ അവയവങ്ങളുടേയും പ്രവർത്തനത്തെയും ബാധിയ്ക്കും. കൃത്യമായി ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിയ്ക്കാവുന്ന ഒന്നാണിത്. അമിത വണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലുമെല്ലാം നോൺ ആൽക്കഹോളിക് ഫാറ്റിലിവർ വരാൻ സാധ്യതയുണ്ട്.കുട്ടികൾക്ക് വരെ ഇതു വരാൻ സാധ്യതയുണ്ട്. ഇതു മദ്യപാനമില്ലാത്തവരിലൽ കണ്ടു വരുന്ന പ്രധാനപ്പെട്ട കരൾ രോഗമാണ്. വേണ്ട വിധം ചികിത്സ ലഭിച്ചില്ലെങ്കിൽ അപകട സാധ്യത വർദ്ധിപ്പിയ്ക്കാനുള്ള ഒന്നാണിത്. അടിസ്ഥാനപരമായി പറഞ്ഞാൽ കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്ന ഒരു പ്രത്യേക അവസ്ഥയാണിത്. ജീവിതചര്യ രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോൾ, പ്രഷർ തുടങ്ങിയവയുടെ ഭാഗമായി ഫാറ്റി ലിവർ ഉണ്ടാകാൻ സാധ്യതയുണ്ട്.മറ്റേതെങ്കിലും ആവശ്യത്തിനായി എടുക്കുന്ന അൾട്രാസൗണ്ടിലാണ് പൊതുവേ കണ്ടെത്തുന്നത്. ഇങ്ങനെ ഫാറ്റിലിവർ കണ്ടെത്തുന്ന സാഹചര്യത്തിൽ എത്രയും വേഗം ഡോക്ടറെ കണ്ട് നിർദ്ദേശങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. ഇത്തരം സാഹചര്യത്തിൽ മദ്യപാനം പൂർണമായി ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ നമ്മുടെ ജീവിതശൈലിയിൽ സ്ഥായിയായ മാറ്റവും ഫാറ്റിലിവർ ഒഴിവാക്കാൻ അനിവാര്യമാണ്. വ്യായാമം കൂട്ടിയും ഭക്ഷണശൈലിയിൽ മാറ്റങ്ങൾ വരുത്തിയും നമുക്ക് ഇത് സാധ്യമാക്കാൻ കഴിയും. വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ട് കിടന്നുറങ്ങാൻ പോകുന്ന അവസ്ഥ ഫാറ്റിലിവർ കൂടാൻ കാരണമായേക്കാം. ഭക്ഷണക്രമത്തിൽ ധാന്യങ്ങളുടെ അളവ് 50 ശതമാനത്തിൽ താഴെയായി കുറയ്ക്കുന്നതും ഇലക്കറികളുടെ അളവ് കൂട്ടുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ എല്ലാ ദിവസവും അരമണിക്കൂറെങ്കിലും നടക്കുന്നതും കരളിൽ കൊഴുപ്പ് അടിയുന്നത് തടയാൻ ഉപകാരപ്രദമാണ്. ഏകദേശം 5 മുതൽ 10 ശതമാനം വരെ ശരീരഭാരം കുറഞ്ഞാൽ അത് ഫാറ്റി ലിവർ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഫാറ്റിലിവർ നാഷോ, സിറോസിസോ എന്നീ ഘട്ടങ്ങളിലേക്ക് കടക്കുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണേണ്ടത് ആവശ്യമാണ്. നമ്മുടെ കരളിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ഫാറ്റി ലിവറിനെ കുറിച്ച് ലളിതമായും വളരെ വ്യക്തമായും ഡോക്ടർ സോജൻ ജോർജ് കെ നമ്മോട് സംസാരിക്കുന്നു.

സ്വന്തം ലേഖകൻ, ലിനെറ്റ് മരിയ ,,,

Related Posts