GERD

Video Consultation

എന്താണ് GERD അഥവാ Gastroesophageal reflux disease . ഒരാളുടെ ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്കു തികട്ടി വന്ന് ജീവിതസൗഖ്യത്തെ ബാധിക്കുന്ന അവസ്ഥയാണ് GERD. നമ്മുടെ സമൂഹത്തിൽ ഏകദേശം 10 മുതൽ 12 ശതമാനം വരെ ആളുകൾക്ക് ഈ അസുഖം  ഉണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. തിരുവനന്തപുത്ത് നിന്നുള്ള ചില പഠനങ്ങളിൽ 22 ശതമാനം വരെ ഉണ്ടെന്നാണ് കണക്കുകൂട്ടൽ.

ആഴ്ചയിൽ ഒരു ദിവസമെങ്കിലും നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും അനുഭവപ്പെടുക, അങ്ങനെ ഒരു മാസം വരെ ആ ലക്ഷണങ്ങൾ നിലനിൽക്കുക ഇങ്ങനെ ഒരവസ്ഥ ഉണ്ടെങ്കിൽ Gastroesophageal reflux disease എന്ന അസുഖം ഉണ്ടെന്ന് അനുമാനിക്കാം.


എന്തൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ

നെഞ്ചിരിച്ചിൽ, പുളിച്ചുതികട്ടൽ, വായിൽ വെള്ളം വരിക എന്നിവയാണ് classical symptoms. ഇവ കൂടാതെ പല atypical symptoms ഉം കണ്ടുവരാറുണ്ട്. ചിലർക്ക് നെഞ്ചുവേദന തോന്നാം. ഉറക്കത്തിൽ പെട്ടെന്നു ചുമ വന്ന് ഉണരുക,വയർ വീർക്കുക, ശ്വാസം മുട്ടുക, മനം പുരട്ടുക എന്നിവ ഉണ്ടാകാം. പലരുടെയും വിട്ടുമാറാത്ത ചുമയുടെ അല്ലെങ്കിൽ ആസ്ത്മയുടെ വരെ കാരണം GERD ആയിരിക്കാം. ചിലപ്പോൾ പല്ലിന്റെ കേട്, ശബ്ദത്തിലെ മാറ്റം (hoarseness), sinusitis. ചിലർക്ക് തൊണ്ടയിൽ ഒരു തടസ്സം; പക്ഷെ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടില്ല. ഇതിനെ globus sensation എന്നു പറയും. ഇങ്ങനെ പലതരം ലക്ഷണങ്ങളിലൂടെ ഈ രോഗം പ്രകടമാകും.

എന്തുകൊണ്ടാണിങ്ങനെ തികട്ടി വരുന്നത്?

അന്നനാളവും ആമാശയവും തമ്മിൽ കൂടി ചേരുന്നയിടത്ത് ഒരു sphincter ഉണ്ട് – Lower esophageal sphincter. ആമാശയത്തിലെ അമ്ലരസ അന്നനാളത്തിലേയ്ക്ക് കയറി വരുന്നതിനെ തടയുക എന്നതാണ് അതിന്റെ ധർമ്മം. ഈ sphincter ന്റെ ബലക്കുറവ് ചിലരിൽ കാണപ്പെടാറുണ്ട്. ചില ആളുകളിൽ ഇതിനിടയിലുള്ള വിടവു വലുതായിരിക്കും. അപ്പോൾ hiatus hernia എന്ന അവസ്ഥ ഉണ്ടാകാം. മിക്കയാളുകൾക്കും ചിലപ്പോഴൊക്കെ ഈ sphincter സ്വാഭാവികമായി ഒന്ന് അഴയുകയും ചെയ്യും (TLESR- Transient Lower Esophageal Sphincter Relaxation). അങ്ങനെയുള്ള അവസ്ഥകളിൽ എല്ലാം ആസിഡ് മുകളിലേയ്ക്ക് കയറി വരുന്നു. ഇതാണ് acid reflux.


എങ്ങനെ നിയന്ത്രിക്കാം?

ജീവിത ശെലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുക വഴി ഒരു പരിധി വരെ ഈ രോഗത്തെ നിയന്ത്രിക്കാൻ കഴിയും.

1. കൃത്യസമയത്ത് ആഹാരം കഴിക്കുക.

2. വയർ നിറച്ചു കഴിക്കാതിരിക്കുക.

3. നന്നായി ചവച്ചരച്ച് സാവധാനം കഴിക്കുക.

4. ചില ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക. ഉദാഹരണത്തിന്, കൂടുതൽ കൊഴുപ്പടങ്ങിയ,       വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കുക. അല്ലെങ്കിൽ കുറയ്ക്കുക. പുളി കൂടുതലുള്ള ഭക്ഷണം, വിനാഗിരി, പുളിയുള്ള ചെറുനാരങ്ങ പോലുള്ള പഴങ്ങൾ, sauce, കടുപ്പത്തിലുള്ള ചായ, കാപ്പി എന്നിവയും നന്നല്ല. അതുപോലെ Soda, Pepsi, Coca Cola മുതലായവ aerated drinks ഒഴിവാക്കുക.

5. അത്താഴം ലഘുവായി മാത്രം കഴിക്കുക. ഉറങ്ങുന്നതിനു രണ്ടു മൂന്നു മണിക്കൂർ മുമ്പെങ്കിലും കഴിക്കുക.

6. ഉറങ്ങുമ്പോൾ കട്ടിലിന്റെ തലഭാഗം ഉയർത്തി വെയ്ക്കുക. തലയണയുടെ ഉയരം കൂട്ടിയതുകൊണ്ട് പ്രയോജനമില്ല. കട്ടിലിന്റെ തലഭാഗത്തെ കാലുകൾക്കിടയിൽ ഇഷ്ടികയോ മരക്കട്ടയോ വെച്ച് 3 അല്ലെങ്കിൽ 4 ഇഞ്ച് ഉയർത്തുകയാണ് വേണ്ടത്.

7. അയഞ്ഞ വസ്ത്രം ധരിക്കുക.

8. ഉറങ്ങുമ്പോൾ ഇടതു വശം ചരിഞ്ഞ് കിടക്കുക.

9. ശരീരഭാരം നിയന്ത്രിക്കുക.

10. മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുക.


ഇത്രയും ശ്രദ്ധിച്ചാൽ ഒരു പരിധി വരെ Gastroesophageal reflux disease നിയന്ത്രിക്കാം, ഒഴിവാക്കാം. 

രോഗലക്ഷണങ്ങൾ വിട്ടുമാറുന്നില്ലെങ്കിൽ, ചികിത്സ തേടണം. മരുന്നുകൾ കൂടാതെ ചിലപ്പോൾ endoscopy യും വേണ്ടി വന്നേക്കാം. ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്, ഭക്ഷണം ഇറക്കുമ്പോൾ വേദന, ശരീരഭാരം കുറയുക, രക്തക്കുറവ്, നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും 55 വയസ്സിനുശേഷം ആദ്യമായി അനുഭവപ്പെടുക, തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ

endoscopy പരിശോധന നിർബന്ധമായും നടത്തേണ്ടതാണ്.

                                                                                                                                                                                                 സ്വന്തം ലേഖകൻ, ഡോ.റോബർട്ട് പനയ്ക്കൽ